അല്ലേലും ഈ മലയാളികള്‍ ഇങ്ങനെയാ...ഭരിക്കുന്ന സര്‍കാരാവട്ടെ 24 മണിക്കൂറും സീരിയല്‍ കാട്ടുന്ന കെ. എസ്. ഇ. ബി. യാവട്ടെ പഠിപ്പിക്കുന്ന യൂണിവെഴ്സിറ്റിയാവട്ടെ, എല്ലാത്തിനെയും ദോഷം പറയാനും തെറി വിളിക്കാനുമേ നമ്മള്‍ക്ക് അറിയത്തുള്ളൂ !!! കണ്ണിച്ചോരാന്നു പറയ്‌ണ ഒന്നില്ല !! ഒന്നുമില്ലേലും നമ്മുടെ ചിലവിലോടുന്ന വണ്ടികളൊക്കെ തന്നെയല്ലേ ഇവറ്റയെല്ലാം.... പേരിനെങ്കിലും രണ്ട് നല്ല വാക്ക് പറഞ്ഞൂടെ ..!! യ്യോ..!!! ഇതൊക്കെ കേട്ട് നിങ്ങളാരും ധരിക്കേണ്ട ഞാനൊരു ബഹുജന മൂരാച്ചിയാണെന്ന് ... ഒള്ളത് പറഞ്ഞന്നേ ഉള്ളൂ.. !!!
എന്നാലും നമ്മുടെ കാലിക്കറ് യൂണിവേഴ്സിറ്റിയുടെ കാര്യ എനിക്ക് 'ക്ഷ' പിടിച്ചു..! സാധാരണ നമ്മള്‍ പിള്ളേര്‍ക്കാണല്ലോ പരീക്ഷ ഒരു 'തലവേദന' . പക്ഷെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പരീക്ഷ എന്ന് കേള്‍ക്കുന്നതേ 'മേലാസകലം' വേദനയാണ് ....! ഇത്രയും കാലം പരീക്ഷ വരുമ്പൊ ഓടാനും മുങ്ങിക്കളയാനുമുള്ള അവകാശങ്ങള്‍ വിദ്യാര്‍ത്ഥിസമൂഹത്തിനു മാത്രമായിരുന്നു. പക്ഷെ ഈയിടെയായി യൂണിവേഴ്സിറ്റിക്കാര്‍ ആ അവകാശമങ്ങ് പിടിച്ചു പറിച്ച് അവരുടേതാക്കിയിരിക്കുന്നു !!! (എ സോര്‍ട്ട് ഓഫ് ബീയിംഗ് യങ്ങ്) എന്നാലും എന്‍റെ സംശയം അതല്ല, മുങ്ങിയാലും മാന്യതയോടെ പനി, തലവേദന, വയറുവേദന എന്നൊക്കെ കള്ളം പറഞ്ഞേ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഈ പണിക്ക് നില്‍ക്കാറുള്ളൂ.. (സോറി, പനിയും തലവേദനയുമൊക്കെ ഇപ്പൊ ഔട്ട് ഓഫ് ക്യാമ്പസ്..! ഇപ്പോള്‍ ഇന്‍ മറ്റു പലതുമാന്നേ....യ്യ് :) ) പക്ഷെ യൂണിവേഴ്സിറ്റിക്കാര്‍ ഇത് എന്ത് പറഞ്ഞാണാവോ ഇങ്ങനെ കൂനിപ്പിടിച്ചു നടക്കുന്നെ..?? എക്സാം കണ്ട്രോള്‍ ബോര്‍ഡിന്‍ വാതമാന്നെന്നോ ...???
ഇവരുടെ പിള്ളേര്‍കളികൊണ്ടിപ്പോള്‍ തോറ്റതു ഞങ്ങളാണ്.., ഞങ്ങളുടെ സ്വന്തം ഗുരുക്കന്മാരും !! യൂണിവേഴ്സിറ്റി മെത്തയിലെടുത്തു കിടത്തിയ 'semester' വിഴുങ്ങിയത് ഞങ്ങളെയാണെന്ന് പറഞ്ഞാല്‍ മതിയല്ലോ...! ഈ പാമ്പിന്‍റെ വായില്‍ നിന്നു പഠിച്ചിറങ്ങുന്ന ഞങ്ങള്‍ക്ക് 'ഡബിള്‍ ഡിഗ്രീ ' തന്ന് ആദരിക്കണമെന്നാണ് എന്‍റെ അഭിപ്രായം . ഒരു വര്‍ഷത്തെ സിലബസ് വെറും നാലഞ്ചു മാസം കൊണ്ട് 'ഓടിച്ചു' തീര്‍ക്കുന്ന നമ്മുടെ ഗുരുക്കന്മാര്‍ക്ക് ഒരു ഇന്‍റെര്‍നാഷണല്‍ മാരത്തോണ്‍ സര്‍ട്ടിഫിക്കറ്റ് കൂടി കൊടുത്താല്‍ എല്ലാം ഭംഗിയായി..! എന്തായാലും പ്രായം കൂടും തോറും 'സര്‍വ'കലാശാലക്ക് വെച്ച വിവരവും ഏതാണ്ട് ചോര്‍ന്നു പോവുന്നുണ്ടല്ലോ ! കൊല്ലും കൊലയുമൊക്കെയാണെങ്കിലും കണ്ണൂരില്‍ യൂണിവേഴ്സിറ്റിക്കാര്‍ നല്ല വൃത്തിയും വെടിപ്പോടും കൂടി പരീക്ഷ നടത്തുന്നുണ്ടെന്നാണ് കേട്ടുകേള്‍വി !! ( കണ്ണൂരുകാരി ആയത് കൊണ്ടല്ലാട്ടോ ..! ഇനി അവിടെയും മറിച്ചാണേല്‍ ദയവായി എന്‍റെ കണ്ണൂര്‍ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ നടുനീളന്‍ ബ്ലോഗ് പോസ്റ്റുകളുമായി കൂടെച്ചേരുക )
എന്തൊക്കെയായാലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയോട് എനിക്കൊരു കാര്യത്തില്‍ വളരെ അധികം ബഹുമാനവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട് ! തങ്ങളുടെ പരീക്ഷ നടത്തിക്കിട്ടാനും ഫലം പ്രഖ്യാപിക്കാനും...എന്തിന് പറയുന്നു, പഠിക്കാനുള്ള സിലബസ് കിട്ടാന്‍ പോലും നമ്മുടെ പാര്‍ട്ടി പിള്ളേര്‍ കൊടിപിടിച്ചു സമരം ചെയ്യുന്ന കാഴ്ച എന്‍റെ കാലത്ത് തന്നെ കാണിച്ചു തന്നല്ലോ..! എങ്ങനെയുണ്ടായിരുന്ന പിള്ളേരും കാമ്പസുമായിരുന്നു ??!!! ഇപ്പൊ ദാ...., "ഒന്ന് ഞങ്ങടെ പരീക്ഷ നടത്തൂ, തോല്‍പിച്ചാലും കുഴപ്പമില്ല" എന്ന്‍ കരഞ്ഞു പറഞ്ഞ് യൂണിവേഴ്സിറ്റിയുടെ പിന്നാലെ ഓടുന്നു.... !! " സമരം ചെയ്യേണ്ട മക്കളെ.., ഞങ്ങള്‍ നന്നാവൂല്ല" ന്നു പറഞ്ഞ് യൂണിവേഴ്സിറ്റിക്കാരും !! ഇങ്ങനെയും ഒരു യൂണിവേഴ്സിറ്റി...., The കാലിക്കൂത്ത് യൂണിവേഴ്സിറ്റി!